നമ്മുടെ പൂർവികരുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിരുന്നു പഴങ്കഞ്ഞി.ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ, ഇതിന്റെ ആരോഗ്യഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോൾ പഴങ്കഞ്ഞി തീന്മേശയിൽ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാൽ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകൾക്ക് അസുഖങ്ങൾ കുറവായിരുന്നു .ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോൾ നമ്മളും ഓർത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങൾ ഇപ്പോൾ എവിടെ നിന്നാണെന്ന്?.
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം വേരെയില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.
No Comments on പഴങ്കഞ്ഞി കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍