പ്രണയിച്ച ആളെ തന്നെ ജീവിതകാലം മുഴുവന്‍ കൂടെ കൂട്ടാനാവുക എന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. പ്രണയബന്ധങ്ങളുടെ ആയുസ്സ് ദൈവത്തിനു പോലും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ഓരോ ദിവസവും എത്രയെത്ര പേരാണ് ഈ ഭൂമിയില്‍ പ്രണയത്തിലാകുന്നത്…! അതേപോലെ തന്നെയാണ് ബ്രേക്കപ്പിന്‍റെ കാര്യവും. തുടങ്ങുന്നത് പോലെ തന്നെ ഓരോ ദിവസവും അടിച്ചു പിരിയുന്ന എത്രയെത്ര കാമുകീകാമുകന്മാരുണ്ടാവും ഈ ലോകത്ത്!
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഷമം പങ്കു വയ്ക്കാനായി കൂടെ ഏതെങ്കിലും സുഹൃത്ത് ഉണ്ടെങ്കില്‍ അത്രത്തോളം ആശ്വാസകരമായ ഒരു കാര്യം വേറെയില്ല. അങ്ങനെയുള്ള നിരാശ കാമുകികാമുകര്‍ക്ക് വേണ്ടി ക്രോയേഷ്യയില്‍ ഒരു മ്യൂസിയം തന്നെ ഒരുക്കിയിട്ടുണ്ട്.’ ദി മ്യൂസിയം ഓഫ് ബ്രോക്കണ്‍ റിലേഷന്‍ഷിപ്‌സ്’ എന്ന് പേരുള്ള ഈ മ്യൂസിയം മുഴുവന്‍ പിരിഞ്ഞു പല വഴിക്കായ കാമുകീകാമുകന്മാരുടെ ഓര്‍മകളാണ്.
തകര്‍ന്നു പോയ ബന്ധങ്ങളുടെ ഓര്‍മക്കുറിപ്പുകളായി സൂക്ഷിച്ചിരുന്ന പല വസ്തുക്കളും ഇവിടേക്ക് ആളുകള്‍ സംഭാവന ചെയ്യുന്നു. ഇത്തരം ധാരാളം പുരാവസ്തുക്കള്‍ ഇവിടെ കാണാന്‍ സാധിക്കും. ഒലിങ്ക വിസ്റ്റിക്ക, ഡ്രാസെൻ ഗ്രുബിക് എന്നീ ക്രോയേഷ്യന്‍ കമിതാക്കളുടെ ആശയമാണ് ബ്രോക്കണ്‍ റിലേഷന്‍ഷിപ് മ്യൂസിയം. തങ്ങളുടെ ബന്ധം അവസാനിച്ചതിനുശേഷം വേർപിരിഞ്ഞ ഇവര്‍ പരാജയപ്പെട്ട മറ്റു ബന്ധങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിക്കാൻ തുടങ്ങി..ബ്രേക്കപ്പ് കഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം ഈ ആശയവുമായി ഗ്രുബിക്, ഒലിങ്കയ്ക്കടുത്തെത്തി. മുന്‍പ്രണയങ്ങളുടെ അവശിഷ്ടങ്ങള്‍ വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ സംഭാവനയായി നൽകാന്‍ അവര്‍ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഈ പ്രണയശേഖരത്തിന്‍റെ പിറവി. അതിനുശേഷം, ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, ഷാങ്ഹായ്, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ 50 ലധികം സ്ഥലങ്ങളിൽ അവർ പ്രദർശനങ്ങൾ നടത്തി. ഒടുവിൽ 2010 ൽ ക്രൊയേഷ്യയിലെ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഈ മ്യൂസിയത്തിലേക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. പേരറിയാത്ത ആളുകള്‍ സംഭാവന ചെയ്ത 4,000 ത്തോളം വസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
No Comments on പ്രണയം തകർന്നവർക്കായി ബ്രേക്കപ്പ് മ്യൂസിയം