മറ്റു ബ്രാഞ്ചുകളില്ലാത്ത രാമശ്ശേരി ഇഡ്ഡലി

സ്വാദേറും രാമശ്ശേരി ഇഡ്ഡലി കാര്യം കേരളത്തിലെ പാലക്കാട് ആണ് രാമശ്ശേരിയെങ്കിലും അതിർത്തി കടന്നുവന്ന രുചിയാണ് രാമശ്ശേരി ഇഡലിയുടേത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും രാമശ്ശേരിയിലേക്കു താമസം വന്ന മുതലിയാർ കുടുംബമാണ് മലയാളികൾക്ക് ഈ ഇഡലിയുടെ രുചി പകർന്നു നല്കിയത്. കെട്ടിലും മട്ടിലും രുചിയും രൂപത്തിലും എല്ലാം കണ്ടുവന്നതിൽ നിന്നും വ്യത്യസ്തമാണ് രാമശ്ശേരി ഇഡലിക്കുള്ളത്. മുതലിയാർ കുടുംബം അന്നു പരിചയപ്പെടുത്തിയ അതേ രുചിക്കൂട്ടാണ് ഇവിടെ ഇന്നും പിന്തുടരുന്നത്. സ്ഥിരം കണ്ടുവരുന്ന ഇഡലിയുടെ രൂപത്തിൽ നിന്നും നല്ല മാറ്റമുണ്ട് രാമശ്ശേരി ഇഡലിക്ക്. തട്ടുദോശയുടെ പോലെ , കട്ടികൂടിയ രൂപമാണ് ഈ ഇഡലിക്ക്. എന്നാൽ ഒരു കഷ്ണം വായിലേക്ക് എടുത്തു വച്ചാൽ രൂപത്തിലെ മാറ്റമെല്ലാം മാറും. വായിലൂടെ മെല്ലെയിറങ്ങിപ്പോകുന്ന ഇതിന്റെ രുചി ശരിക്കും മറ്റൊന്നാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും തേടിപ്പോകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.പുളിമരത്തിന്റെ വിറകുമാത്രമായിരുന്നത്രെ ആദ്യകാലങ്ങളില്‍ തീകൂട്ടാന്‍ ഉപയോഗിച്ചിരുന്നത്. മണ്‍പാത്രത്തിന്റെ മുകളില്‍ നൂല് തലങ്ങനെയും വിലങ്ങനെയും കെട്ടിവെച്ചതിന്റെ മുകളില്‍ തുണിവിരിക്കും അതിനുമുകളിലാണ് മാവ് കോരിയൊഴിക്കുന്നത്. തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനുമുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ചെണ്ണംവരെ വെക്കാം. ഇതെല്ലാംകൂടെ ആവി പുറത്തുപോകാത്ത രീതിയില്‍ ഒരു പാത്രംകൊണ്ട് മൂടും. ആവിയില്‍ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഓരോന്നായി ഇളക്കിയെടുക്കും.വാങ്ങുന്ന മണ്‍പാത്രങ്ങള്‍ പെട്ടെന്ന് പൊട്ടാന്‍ തുടങ്ങിയതോടെ അലൂമിനിയം പാത്രങ്ങള്‍ സ്ഥാനം കൈയടക്കാന്‍ തുടങ്ങിയിട്ടുണ്ട് പുളിവിറക് എന്ന സങ്കല്‍പ്പവും ഇപ്പോള്‍ നടക്കുന്നില്ല. അരിയും ഉഴുന്നുമെല്ലാം രാസവളങ്ങളുടെ സന്തതികളുമായതോടെ രാമശ്ശേരി ഇഡ്ഡലിയുടെ ഗുണനിലവാരം അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് ഉണ്ടാക്കുന്നവര്‍തന്നെ പറയുന്നു.കോഴിക്കോട്ടു നിന്ന് പോവാന്‍ മലപ്പുറം പെരിന്തല്‍മണ്ണ വഴി 140 കിലോമീറ്റര്‍. ട്രെയിനിനാണെങ്കില്‍ പാലക്കാട് ഇറങ്ങി ബസ്സിനു പോവണം. പാലക്കാട്- പൊള്ളാച്ചി റോഡില്‍ നിന്ന് എലപ്പുള്ളി കഴിഞ്ഞ് രാമശ്ശേരിക്കുള്ള റോഡ് കാണാം. മന്നത്ത് ഭഗവതി ക്ഷേത്രത്തിനടുത്താണ് ഇഡ്ഡലി കിട്ടുന്ന കട.
പഴങ്കഞ്ഞി കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

നമ്മുടെ പൂർവികരുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിരുന്നു പഴങ്കഞ്ഞി.ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ, ഇതിന്റെ ആരോഗ്യഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോൾ പഴങ്കഞ്ഞി തീന്മേശയിൽ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാൽ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകൾക്ക് അസുഖങ്ങൾ കുറവായിരുന്നു .ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോൾ നമ്മളും ഓർത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങൾ ഇപ്പോൾ എവിടെ നിന്നാണെന്ന്?. അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം വേരെയില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.
കള്ളും കറിയും ചേർന്ന രാജപുരം

നഗരജീവിതത്തിന്റ തിരക്കിൽ നിന്നും മാറി ഗ്രാമത്തിന്റ പച്ചപ്പും സൗന്ദര്യവും ആവോളം ആസ്വദിക്കാൻ പറ്റിയ ഇടമാണ് കാവാലം. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേർന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിന്റ മനോഹാരിത പതിനന്മടങ്ങാകുന്നു. മണ്ണിന്റ മണമുള്ള കാവാലത്തെ ആകർഷണം ഗ്രാമഭംഗി തുളുമ്പുന്ന വർണ്ണ കാഴ്ചകളാണ്. ആറ്റിലൂടെനീന്തിത്തുടിക്കുന്ന താറാകൂട്ടങ്ങളും ഒാളം തല്ലി തുഴഞ്ഞുവരുന്ന ചെറുവഞ്ചികളും പാടശേഖരത്തിന്റ നടുക്ക് കൊറ്റികളുമൊക്കെ കാഴ്ചയ്ക്ക് പകിട്ടേകുന്ന തനി നാട്ടിൻപുറം. കാവാലത്ത് എത്തിയാൽ കാഴ്ചകൾകൊണ്ടും രുചികരമായ വിഭവങ്ങൾ കൊണ്ടും മനസ്സും വയറും നിറയ്ക്കാം.. കാവാലം രാജപുരം കായൽ ഷാപ്പിലെത്തിയാൽ, തനിനാടൻ രുചി ചേമ്പു പുഴുങ്ങിയതും കാച്ചിൽ പുഴുങ്ങിയതും കൂട്ടായി കാന്താരി പൊട്ടിച്ചതും മുളകരച്ച മീൻകറിയും ഒാര്‍ഡർ ചെയ്യാം. ആലപ്പുഴ ജില്ലയിൽ കാവാലം ലിസ്യൂ പള്ളിക്ക് സമീപം ബോട്ടുജെട്ടിയില്‍ നിന്നും അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. കൂടാതെ ഷാപ്പുടമയുടെ ഫോണിൽ വിളിച്ചാൽ രാജപുരം ഷാപ്പിന്റ വഞ്ചി ലിസ്യൂ കടവിലെത്തി ആളുകളെ ഷാപ്പിലെത്തിക്കാനും തയാറാണ്. പമ്പയാറിന്റ കൈവഴിയായി ഒഴുകുന്ന കാവാലം ആറിന്റെയും ഏക്കറുകളോളം പരന്നുകിടക്കുന്ന രാജപുരം കായലിന്റയും ഒത്തനടുക്കാണ് രാജപുരം ഷാപ്പ്. പ്രകൃതിയുടെ വശ്യത നുകർന്നുകൊണ്ടുള്ള വഞ്ചി സവാരിയും കണ്ണുകളില്‍ നിറയുന്ന കാഴ്ചകളും ഒപ്പം നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി കാത്തിരിക്കുന്ന രുചിപ്പുരയും. ഇരുപതു കൊല്ലത്തെ പാരമ്പര്യം ഉറങ്ങുന്ന രാജപുരം കായൽ ഷാപ്പിലെ വിഭവങ്ങളുടെ രുചിക്ക് തെല്ലും മാറ്റം വന്നിട്ടില്ല. അന്നും ഇന്നും ഒരേ രുചി
വില കേട്ടാൽ ഞെട്ടുന്ന ഭക്ഷണം

ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥം ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ഭക്ഷണ പദാർത്ഥമായി മാറിക്കഴിഞ്ഞു. ഒരു ഔൺസ് കാവിയറിന് 200 മുതൽ 300 ഡോളർ വരെയാണ് വില വരുന്നത് ആൻഡ്രോമസ് മൽസ്യങ്ങളുടെ ഇനത്തിൽപ്പെടുന്ന ഒരിനം മൽസ്യമാണ് ബെലുഗ അല്ലെങ്കിൽ സ്റ്റർജിൻ. കാസ്പിയൻ, ബ്ലാക്ക്സീകളിൽ കണ്ടു വരുന്ന ബെലുഗ സ്റ്റർജിയന്റെ മുട്ടയാണ് ബെലൂഗ കാവിയറിനു വേണ്ടി ഉപയോഗിക്കുന്നത്. രണ്ട് ദശകത്തോളമെടുക്കും ഒരു ബെലൂഗ മൽസ്യം വളർന്ന് മധ്യപ്രായത്തിലെത്താൻ. ആ സമയത്ത് ഏകദേശം രണ്ട് ടൺ ഭാരം വരും ഇവക്ക്. മറ്റ് കടൽ മീനുകളോട് താരതമ്യപ്പൊടുത്തുബോൾ ബെലുഗയിൽ അടങ്ങിയിരിക്കുന്നത് വലുതും മൃദുവുമായ മുട്ടകളാണ്. ശുദ്ധീകരിച്ചും അല്ലാതെയും മൽസ്യമുട്ട കൊണ്ടുള്ള കാവിയർ വിഭവങ്ങൾ ലഭ്യമാണ്. ശുദ്ധീകരിച്ചവ കേടുവരാതിരിക്കുമെങ്കിലും അതിന്റെ രൂപത്തിലും രുചിയിലുമുള്ള ഗുണം കുറഞ്ഞു പോകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശുദ്ധീകരിക്കാത്തവക്ക് വിപണിയിൽ വലിയ ആവശ്യക്കാരാണ് ഉള്ളത്.