ഒരു കാപ്പി കുടിക്കണമെങ്കിൽ 2000 രൂപയിലേറെ കൊടുക്കണം! ഇന്തൊനീഷ്യയിലെ കാപ്പിത്തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയുടെ പേര് കോപി ലുവാക് എന്നാണ്. ഈ കാപ്പിയുടെ വിലയും നിർമാണ രീതിയും തന്നെയാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന മരപ്പട്ടിക്ക് സമാനമായ സിവറ്റ് കാറ്റ് എന്ന ജീവിയാണ് ഈ കാപ്പി ഉണ്ടാക്കാനുളള കാപ്പിക്കുരു വിഴുങ്ങി വിസർജിക്കുന്നത്. ഇതിൽ നിന്നാണ് പിന്നീട് കാപ്പി ഉണ്ടാക്കുന്നത്.അതിനാൽ തന്നെ സിവറ്റ് കോഫി എന്നൊരു പേരും കോപി ലുവാക്കിനുണ്ട്.
കോപി ലുവാക് എന്നറിയപ്പെടുന്ന ഈ കാപ്പിപൊടിയ്ക്ക് കിലോയ്‌ക്ക് 20000 മുതൽ 25000രൂപ വരെയാണ് വില. അതായത് ഒരു കപ്പിന് 2,384 രൂപയോളം കൊടുക്കേണ്ടി വരുന്നു. അതിനാലാണ് സിവറ്റ് കോഫി അഥവാ കോപി ലുവാക് ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പിപ്പൊടിയായ് അറിയപ്പെടുന്നത്.ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലെ കർഷകരാണ് കാപ്പിക്കുരു വെരുകിനെ കൊണ്ട് തീറ്റിച്ച് വെരുകിന്റെ വിസർജ്യത്തിൽനിന്നു ദഹിക്കാത്ത കുരുക്കൾ ശേഖരിച്ച് കാപ്പിയുണ്ടാക്കാൻ ഉപയോഗിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ അറേബ്യയിലെ യെമനിൽനിന്ന് ഡച്ചുകാർ ‘അറബിക കോഫി’ ഇന്തൊനീഷ്യയിൽ എത്തിച്ച കാലഘട്ടത്തിൽ തന്നെ ഇവിടുത്തുകാർ ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന കോഫിയുണ്ടാക്കാനും തുടങ്ങിയിരുന്നു എന്നാണ് ചരിത്രം.ഇന്ന് ലോകത്ത് പല ഭാഗത്തും കോപി ലുവാക് ഉത്പാദിപ്പിക്കുന്നുണ്ട് . ഇന്തൊനീഷ്യ ദ്വീപസമൂഹത്തിലെ സുമാത്ര, ജാവ, സുലാമെസി എന്നിവിടങ്ങളിലും ഫിലിപ്പീൻസിലും കിഴക്കൻ തിമൂറിലും ഇതുണ്ടാക്കുന്നുണ്ട്.എന്തിനേറെപ്പറയുന്നു അറബിക്കടലിന്റെ റാണിയായ നമ്മുടെ കൊച്ചിയിൽ പോലും കോപി ലുവാക് എന്ന കാപ്പിയ്ക്ക് ആരാധകരേറി വരുന്നു..
No Comments on ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി