കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആണ് റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു[അവലംബം ആവശ്യമാണ്]. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. കൂർഗ് മലനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.
റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ അത്രയും തടാകങ്ങളൊന്നും റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം മലനിരകൾ. രണ്ട് മലകയറ്റ പാതകൾ ഇടതൂർന്ന നിത്യഹരിത വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളിൽ (“മണി”യിൽ) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.
No Comments on കേരളത്തിന്റെ ഊട്ടി