ആർത്തവവും ക്ഷേത്ര പ്രവേശനവും കേരളത്തിലെ തർക്ക വിഷയമായിട്ട് നാളുകൾ കുറേയായെങ്കിലും പ്രശ്നപരിഹാരം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. ജൈവീകമായ വ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തിരക്കിട്ട് പുരോഗമിക്കുമ്പോളും ഇതിലൊന്നും പെടാതെ ദേവിയുടെ ആർത്തവത്തെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. സ്ത്രീകളെ അബലയെന്നു പറഞ്ഞ മാറ്റി നിർത്തുമ്പോഴും അതേ സ്ത്രീ ശരീരത്തെ ശക്തിയായി ആരാധിക്കുന്ന കാമാഖ്യ ക്ഷേത്രത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും നമുക്ക് അപരിചിതമായ ഒരു ക്ഷേത്രം നമ്മുടെ നാട്ടിൽ തന്നെയുണ്ട്. രജസ്വലയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രമാണ് ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴ ചേർന്ന് വിശ്വാസികളെ അമ്പരപ്പിക്കുന്നത്…
ചരിത്രവും ഐതിഹ്യകഥകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. ഐതിഹ്യങ്ങളോളം പഴക്കം പലയിടത്തും ക്ഷേത്ര ചരിത്രത്തിനില്ലെങ്കിലും വിശ്വാസങ്ങൾ അതിനും മേലെയാണ്. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിലാണ് വിശ്വാസികൾക്ക് ആശ്രയമേകുന്ന ചെങ്ങന്നൂർ മഹാദ്വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവന്റെ പേരിലാണ് ക്ഷേത്രമെങ്കിലും ദേവിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്ന ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
No Comments on രജസ്വലയാകുന്ന ദേവി